ഏതോ ഒരു സിനിമയിൽ പറഞ്ഞത് പോലെ "വ്യക്തമായ ലക്ഷങ്ങളുടെ പിൻബലങ്ങൾ ഇല്ലാതെയായിരുന്നു ഞങ്ങളുടെ യാത്ര. ഓരോ നിമിഷങ്ങൾ പിന്നിലേക്ക് പോകും തോറും അത് പലപല ലക്ഷ്യങ്ങളിൽ എത്തിച്ചേർന്നിരുന്നു." കൊയ്യുന്നത് എന്താണെന്നറിയുന്നതിനു മുൻപ് തന്നെ കാലം അതിന് വളമിട്ടിരുന്നു എന്നു വേണം പറയാൻ നടാനും വെള്ളമൊഴിക്കാനും ഓരോ ദിക്കിൽ നിന്നും ഓരോരുത്തർ പ്രപഞ്ചം അവർക്കെതിരെ ഗൂഡാലോചന ചെയ്യുന്നുണ്ട് എന്നു തോന്നിപ്പോകുന്ന നിമിഷങ്ങൾ കയ്യിൽ എടുക്കാൻ നയാപൈസ ഇല്ലാതിരുന്നപ്പോളും, കാക്കകളെ കാരണ്ടടിപ്പിക്കാൻ ഓരോ പോസ്റ്റുകൾ പൊങ്ങി വന്നപ്പോളും എന്തോ ഒന്ന് വന്ന്, "മുന്നിൽ ഒരു വാതിൽ ഉണ്ട്, നിങ്ങൾ പൊയ്ക്കോളിൽ" എന്നു എല്ലാവരോടും പ്രത്യേകിച്ച് വന്നു ചെവിയിൽ പറഞ്ഞു അക്കണ്ട വാതിലുകളുടെ ചാവി അവരുടെ പോക്കറ്റിൽ തന്നെ ഉണ്ടായിരുന്നെന്നതും വേറെ കാര്യം. ഇത് ചെയ്യേണ്ടത് അവരിൽ ചിലർക്ക് ജീവിക്കുന്നത് എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു, ചിലർക്ക് ജീവിതം എന്താണെന്നതിനുള്ള ഉത്തരവും. ഉത്തരങ്ങളുടെ കൂമ്പാരം ആ കുടുംബവീടിന്റെ ഉത്തരത്തിൽ മുട്ടിയപ്പോൾ മേൽക്കൂര തകർന്നു. ആകാശം കാണുന്നത് അങ്ങനെയാണ്. മഴയെയും വെയിലിനെയും പരിചയപ്പെടുന്നത് അങ്ങനെയാണ്. ചത്ത കാക്കകൾക്ക് പാർക്കാൻ ആലിപ്പഴത്തോപ്പുകൾ ഒരുക്കിയത് ആരാണ്? ഇവർ ആരാണ്? ഇതെല്ലാം കണ്ടുനിൽക്കുന്ന നമ്മളാരാണ്?